തെക്ക് മാറി ഇനി വടക്കൻ കളി...

നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ നിലമ്പൂര്‍ അൻവര്‍ മത്സരിച്ചാൽ ജയിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്
തിരുവനന്തപുരം : അങ്ങിനെ ചുളുവിൽ ഒരു എം.പി. സ്ഥാനം ലഭിക്കുമോ ? ഏയ്... അത്രയ്ക്ക് വലിയ മണ്ടത്തരമൊന്നും മമതാ ബാനര്‍ജി കാട്ടില്ല. ഇടതുസ്വതന്ത്രനായി നിലമ്പൂരിൽ നിന്നും മത്സരിച്ച് ജയിച്ച പി.വി. അൻവര്‍ ഇപ്പോൾ എം.എൽ.എ, സ്ഥാനം രാജി വെച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം തൃണമൂൽ കോൺഗ്രസ്സിൽ ചേര്‍ന്ന അൻവര്‍ അധികം വൈകാതെ പശ്ചിമബംഗാളിൽ നിന്നുള്ള രാജ്യസഭാഎം.പി. ആയി മാറും എന്നാണ് കേൾക്കുന്നത്. ഇക്കാര്യം അൻവര്‍ സ്ഥിരീകരിക്കുന്നില്ലെങ്കിലും അത്തരത്തിലൊരു നീക്കം അൻവര്‍ നടത്തിയെന്നാണ് അറിയുന്നത്. എന്നാൽ കേരളംപോലെ പാര്‍ട്ടിക്ക് താത്പര്യങ്ങളൊന്നുമില്ലാത്ത ഒരിടത്ത് നിന്നും ഒരു രാജ്യസഭ എം.പിയെ സൃഷ്ടിക്കാൻ മമതാബാനര്‍ജിയെപ്പോലെ ഒരു ദേശീയ നേതാവ് തയ്യാറാകില്ല എന്നാണ് പൊതുവിലയിരുത്തൽ. അതേസമയം, കേരളത്തിൽ ധാരാളം ബംഗാളികൾ പണിയെടുക്കുന്ന സാഹചര്യത്തിൽ ചില താത്പര്യങ്ങൾ സംരക്ഷിക്കാൻ മമത അത്തരമൊരു നീക്കം നടത്തിയേക്കുമെന്നും ചില സൂചനകൾ വരുന്നുണ്ട്. ഏതായാലും അൻവറിന്റെ രാജിയോടെ നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് ഉറപ്പായിരിക്കുകയാണ്. ഇവിടെ യു.ഡി.എഫുമായുള്ള രഹസ്യ,പരസ്യ ബാന്ധവത്തിലൂടെ അൻവര്‍ തന്നെ മത്സരിക്കാനുള്ള സാദ്ധ്യതയും തള്ളാനാകില്ല. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ നിലമ്പൂര്‍ അൻവര്‍ മത്സരിച്ചാൽ ജയിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
Photo Courtesy - Google











